മുത്തുവേൽ പാണ്ഡ്യനെ സഹായിക്കാൻ ഈ തവണയും മാത്യൂസ് ഉണ്ടാകും! ‘ജയിലര്‍2’വിനു വേണ്ടി മോഹൻലാലിനെ സമീപിച്ചു സംവിധായകൻ നെൽസൺ

ഒരു സമയത്ത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ജയിലർ, ഈ ചിത്രം, തമിഴ് സിനിമയെ തന്നെ ഞെട്ടിച്ച തിരിച്ചുവരവായിരുന്നു സംവിധായകന്‍ നെല്‍സന്റേത്. ചിത്രത്തിൽ രജനികാന്തിനൊപ്പം കന്നഡ് സൂപ്പര്‍താരം ശിവ രാജ്കുമാറും , മലയാളികളുടെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. ഈയടുത്ത് ജയിലറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്നതാകും ജയിലര്‍ 2വെന്ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയിലൂടെ മനസിലാക്കിയിരുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അട്ടപ്പാടിയില്‍ നടക്കുന്ന ഷെഡ്യൂളില്‍ രജിനികാന്ത് കഴിഞ്ഞദിവസം ജോയിന്‍ ചെയ്തിരുന്നു. ആദ്യ ഭാഗത്തെ താരങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളും ജയിലറിലുണ്ടാകും. ഈ ചിത്രത്തിൽ ആദ്യഭാഗത്തില്‍ ആരാധകരെ ത്രസിപ്പിച്ച കഥാപാത്രമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂസ്. മുംബൈയിലെ അധോലോകത്തെ നിയന്ത്രിക്കുന്ന മാത്യൂസ് എന്ന ഡോണ്‍ തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു.ഇതിലെ വെറും രണ്ട് സീന്‍ കൊണ്ട് വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ മോഹന്‍ലാലിന് സാധിച്ചു.