ആ വേദിയില്‍ വന്ന് പാട്ട് പാടാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ട്, എന്റെ പ്രിയപ്പെട്ടവർ എന്നെ മനസിലാക്കുക; വേടൻ

ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍ വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്.

സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്‌നീഷ്യന്‍ മരിച്ചതിന് പിന്നാലെ പരിപാടി റദ്ദാക്കി റാപ്പര്‍ വേടന്‍. ഇന്ന് കിളിമാനൂരില്‍ നടത്താനിരുന്ന സംഗീതനിശയാണ് റാപ്പര്‍ വേടന്‍ റദ്ദാക്കിയ്ത. മരണം നടന്ന സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാട്ട് പാടാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആള്‍ക്കൂട്ടവും സുരക്ഷാക്കുറവും മൂലം, പരിപാടി റദ്ദാക്കാനുള്ള കാരണം നേരിട്ട് വന്ന് പറയാന്‍പോലും പറ്റാത്ത സാഹചര്യമുണ്ടെന്നും വേടന്‍ പറഞ്ഞു.

ചിറയിന്‍കീഴ് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെ കിളിമാനൂരിനുസമീപം വെള്ളല്ലൂര്‍ ഊന്നന്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഊന്നന്‍കല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊന്നന്‍കല്ല് പാടശേഖരത്താണ് പരിപാടിക്കായി വേദി ഒരുക്കിയത്.എന്നാൽ വേദിയില്‍ ഒപ്പം രണ്ട് ടെക്‌നീഷ്യന്മാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് വൈദ്യുതാഘാതം അനുഭവപ്പെട്ടിരുന്നില്ല. കുഴഞ്ഞുവീണ ഉടന്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് നിങ്ങളുടെ മുന്നില്‍ വന്ന് പാട്ട് പാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാന്‍ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്. എന്നെ കാണാനും കേള്‍ക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍ വന്ന് എനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍ വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെ പ്രിയപ്പെട്ടവരായ നിങ്ങള്‍ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു, എന്നുമാണ് വേടൻ പറയുന്നത്.