മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് 65-ാം പിറന്നാൾ

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് 65-ാം പിറന്നാൾ. മലയാളക്കര ഒന്നാകെ താരത്തിന് ആശംസകൾ നേരുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ശ്വേതാ മേനോന്‍ അടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. ‘പ്രിയ്യപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍’, എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

മോഹൻലാലും ഭാര്യ സുചിത്രയും തായ്ലൻഡിലാണുള്ളത്. എംപുരാൻ, തുടരും എന്നീ ചിത്രങ്ങൾ വമ്പൻ വിജയം നേടിയ ആവേശത്തിൽ പ്രിയനടന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തിരക്കിലാണ്‌ ആരാധകർ. ഹൃദയപൂർവ്വം എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1978-ൽ 18-ാം വയസ്സിൽ തിരനോട്ടം എന്ന മലയാള ചിത്രത്തിലൂടെയാണ് മോഹൻലാൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്, എന്നാൽ സെൻസർഷിപ്പ് പ്രശ്‌നങ്ങൾ കാരണം ചിത്രം 25 വർഷത്തേക്ക് റിലീസ് ചെയ്യാൻ വൈകി. 1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.