നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി, നടി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സോഷ്യൽ മീഡിയയിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും കേസ് അന്വേഷണ സംഘം ശേഖരിച്ചു

നടി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിലുള്ളത് ,നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി എന്നാണ്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും കേസ് അന്വേഷണ സംഘം ശേഖരിച്ചു. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിയുടെ ലൈംഗികാധിക്ഷേപ പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്തിയത്. ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമുഖങ്ങളുടെ, വീഡിയോകളും നടിയുടെ രഹസ്യമൊഴിയും സാക്ഷിമൊഴികളും നിര്‍ണായകമാകും.

കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ  കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണൂര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു ബോബി ചെമ്മണൂര്‍ പറഞ്ഞത്  .