ഇന്ന് സിനിമയിൽ അഭിനയിക്കുന്നവരും, ഇനിയും അഭിനയിക്കാൻ വരുന്നവരും ഒരു പടമെങ്കിലും മോഹൻലാലിനൊപ്പം ചെയ്യണം, കാരണം പറഞ്ഞു; ഹരിശ്രീ അശോകൻ

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. നടനെപോലെതന്നെ ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് മകന്‍ അര്‍ജുന്‍ അശോകനും. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ തുടരുമില്‍ ഒരു സീനില്‍ അര്‍ജുന്‍ അശോകനും എത്തുന്നുണ്ട്. ഇപ്പോൾ മോഹൻലാലിന് കുറിച്ച് ഹരിശ്രീ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ഇന്ന് സിനിമയില്‍ അഭിനയിക്കുന്നവരും ഇനി വരാന്‍ ആഗ്രഹിക്കുന്നവരും ഒരു പടമെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്യണമെന്നാണ് ഹരിശ്രീ  പറയുന്നത്. താന്‍ ഇത് പറയുന്നതിന് ഒരു കാരണമുണ്ടെന്നും നടൻ  പറയുന്നു.

ഞാന്‍ ആദ്യമായി ലാലട്ടേനോടൊപ്പം അഭിനയിക്കുന്ന പടം ബാലേട്ടനാണ്. സിനിമയില്‍ നില്‍ക്കുന്നവരും ഇനി സിനിമയില്‍ വരാന്‍ പോകുന്നവരും ആഗ്രഹിക്കുന്നവരും എല്ലാം ഒരു പടമെങ്കിലും ലാലേട്ടന്റെ കൂടെ അഭിനയിക്കണം, കാരണം നമുക്ക് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. ബാലേട്ടന്‍ സിനിമയെ കുറിച്ച് പറഞ്ഞാല്‍ അതിലെ ആ ആല്‍ത്തറ സീന്‍ എടുക്കുകയാണ്.ലാലേട്ടന്‍ എന്നോട് പറഞ്ഞു, ഞാന്‍ മുണ്ടുമടക്കിക്കുത്തും നീയും മുണ്ടുമടക്കിക്കുത്തിക്കോണം. ഞാന്‍ മുണ്ടഴിച്ചിടും അപ്പോള്‍ നീയും അങ്ങനെ ചെയ്‌തോളണം. ഞാന്‍ കൈ തെറുത്തുവെക്കും അപ്പോള്‍ നീയും കൈ തെറുത്തുവെക്കണം എന്നൊക്കെ.

ഇതെന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ കരുതി. പടം വന്നപ്പോഴാണ് മനസിലാകുന്നത് ആ സീനിന്റെ ഭംഗി എന്താണെന്ന്. എന്ത് രസമാണെന്നറിയുമോ അത് കാണാന്‍. നമുക്ക് ഭയങ്കര കോമഡി തോന്നും. അതുപോലെ അതിലെ സോങ് എടുക്കുന്ന സമയം. അമ്പലത്തിന്റെ അടുത്തേക്ക് ബാലേട്ടനെ അന്വേഷിച്ചുവരുന്ന സീന്‍. മഴയും ചെളിയും ഉണ്ട്. റിഹേഴ്‌സല്‍ എടുത്തു. അശോകാ ഇവിടെ ചെളിയുണ്ട്. വഴുക്കും നോക്കണം എന്ന് ലാലേട്ടന്‍ പറഞ്ഞു. റിഹേഴ്‌സലില്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ടേക്കില്‍ ഞാന്‍ ഓടി വന്നിട്ട് അങ്ങനേ പോയി സ്ലിപ്പ് ചെയ്ത് വീണ് മലര്‍ന്നുകിടക്കുകയാണ്.കട്ട് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ ഓടി വന്നു. അവിടെ കിടന്നോ, അവിടെ കിടന്ന് ആ ഡയലോഗ് പറയാമെന്ന് പറഞ്ഞു. ബാലേട്ടനെ കണ്ടോ എന്ന് അവിടെ കിടന്നാണ് ഞാന്‍ ചോദിക്കുന്നത് ,ഒരു സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്യണം എന്ന് പഠിക്കാന്‍ പറ്റിയ ഒരു സര്‍വകലാശാലയാണ് അദ്ദേഹം, ഹരിശ്രീ പറയുന്നു.