
ആര്‍സിബി ടീമിലേക്ക് വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തത് താനാണെന്ന് വെളിപ്പെടുത്തി മുന്‍ ഉടമ വിജയ് മല്ല്യ. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിന് പിന്നാലെയാണ്, ഇങ്ങനൊരു വെളിപ്പെടുത്തൽ. ഐപിഎല്‍ 2008 സീസണിലായിരുന്നു കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെത്തിയത്. അന്ന് അണ്ടര്‍ 19 ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് കോഹ്‌ലിയെ ടീമിലെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഭാവി ക്യാപ്റ്റനാക്കാനുളള കഴിവ് അദ്ദേഹത്തിലുണ്ടെന്ന് മനസിലായെന്നും മല്ല്യ പറഞ്ഞു. ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ ബാലന്‍സ്ഡ് ലൈനപ്പ് ഇത്തവണ നല്ലതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്‍സിബിക്ക് ഇത്തവണ അതിശയകരമായ ഒരു എവേ റെക്കോര്‍ഡുണ്ടായിരുന്നു. ഈ സീസണില്‍ ടീമിന്റെ സന്തുലിതാവസ്ഥ മികച്ചതാണെന്ന് എനിക്കറിയാമായിരുന്നു. എല്ലാ കളിക്കാരും ടീമിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഒരു യൂണിറ്റ് എന്ന നിലയില്‍ അവര്‍ വളരെ മികച്ച പെര്‍ഫോമന്‍സ് നടത്തി. അതിനാല്‍ ആര്‍സിബി ഇത്തവണ ഫൈനലില്‍ എത്തി കിരീടം നേടിയതില്‍ അതിശയിക്കാനില്ല, വിജയ് മല്ല്യ പറഞ്ഞു











