സാന്ദ്രയുടെ പരാതിയിൽ പോലീസ് നടപടി എടുത്തില്ല! ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനില്‍ നിന്ന് റെനി ജോസഫിനെ സസ്‌പെൻഡ് ചെയ്‌തു

നടിയും, നിർമാതാവുമായ സാന്ദ്ര തോമസിനെതിരെ വധഭീഷണി നടത്തിയ റെനി ജോസഫിനെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനില്‍ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ജനറല്‍ സെക്രട്ടറി ഷിബു ജി സുശീലനാണ് മാധ്യമത്തിനോട് ഇക്കാര്യം അറിയിച്ചത്. സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്.

അതേസമയം, സാന്ദ്രയെ തല്ലിക്കൊന്ന് കാട്ടില്‍ കളയും, പിതാവ് തോമസിനെ ഉപദ്രവിക്കും എന്നൊക്കെയാണ് റെനി ജോസഫ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞത്.മാര്‍ച്ച് മാസത്തില്‍ സന്ദേശം ഗ്രൂപ്പിലിട്ടപ്പോള്‍ തന്നെ റെനിയെ താക്കീത് ചെയ്തിരുന്നെന്നും സംഘടന അറിയിച്ചു. അതുപോലെ മാര്‍ച്ച് മാസം താൻ നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ചാനലിന് സാന്ദ്ര നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റെനി നേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.