
ഉത്തരാഖണ്ഡിൽ ശക്തമായ മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള മിന്നൽപ്രളയവും മണ്ണിടിച്ചിലുമായി അറുപതോളം പേരെ കാണാതായി.നിരവധി വീടുകൾ ഒഴുകിപ്പോയി. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാളി പ്രദേശത്ത് വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്നുള്ള പ്രളയഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. പർവതമേഖലയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി മാറ്റിസ്ഥാപിക്കൽ ആരംഭിച്ചിട്ടുണ്ട്. കുന്നിന്‍മുകളില്‍നിന്ന് പൊടുന്നനെയുണ്ടായ അതിശക്തമായ ജലപ്രവാഹം വൻതോതിൽ നാശം വിതറിയതായാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45ഓടെയാണ് ദുരന്തം ഉണ്ടായത്. ഇവിടെ നിന്ന് 4 കിലോമീറ്റർ മാത്രം അകലെയുള്ള ഹര്‍ഷിലിലെ കരസേനാ ക്യാമ്പില്‍ നിന്നും, വിവരം ലഭിച്ച ഉടൻ തന്നെ 150 അംഗങ്ങളടങ്ങിയ റേസ്ക്യൂ ടീം വേണ്ട ഉപകരണങ്ങളുമായെത്തുകയും 10 മിനിറ്റിനുള്ളിൽ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.











