ഗതാഗത കുരുക്കിന് പരിഹാരം കാണാതെ ടോള്‍ പിരിക്കണ്ട, പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു

ഗതാഗതക്കുരുക്കിന് യാതൊരു പരിഹാരവും നടപ്പിലാക്കാതെ ടോള്‍ പിരിക്കുന്നത് അനുയോജ്യമല്ലെന്നും താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ടോള്‍ പ്രവേശന കവാടത്തില്‍ കുടുങ്ങി പോകുന്ന വാഹന നിരയ്ക്ക് ശാശ്വതപരിഹാരം കാണാന്‍ നടപടി സ്വീകരിക്കാതെ ടോള്‍ ഈടാക്കുന്നത് റോഡ് ഉപയോക്താക്കളോട് അന്യായമാണെന്നാണ് കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണം എന്നും നിര്‍ദ്ദേശം നല്‍കി.

അതേസമയം ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് സര്‍ക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാറും വ്യക്തമാക്കി.