
സംഗീത രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് പ്രമുഖ ഗായകന്‍ കെ.ജെ. യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രശസ്തമായ എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് അവാര്‍ഡുകളുടെ പട്ടിക പ്രഖ്യാപിച്ചത്.
ഗായിക ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം നേടും. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിച്ചന്ദര്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ക്കും പുരസ്‌കാരം ലഭിച്ചു.
സിനിമാ മേഖലയില്‍ നിന്ന് എസ്.ജെ. സൂര്യ, സായ് പല്ലവി, വിക്രം പ്രഭു, വി.സി. ഗുഹനാഥന്‍, കെ. മണികണ്ഠന്‍, ജോർജ് മരിയന്‍ എന്നിവര്‍ക്കും കലൈമാമണി അവാര്‍ഡുകള്‍ ലഭിക്കും. സംവിധായകന്‍ ലിംഗുസ്വാമി, കലാസംവിധായകന്‍ ജെ.കെ, സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരായന്‍, ഗാനരചയിതാവ് വിവേക് എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്.
സാഹിത്യത്തിനുള്ള ഭാരതിയാര്‍ അവാര്‍ഡ് സാഹിത്യകാരന്‍ എന്. മുരുകേശ പാണ്ഡ്യന് പ്രഖ്യാപിച്ചു.
2021, 2022, 2023 വര്‍ഷങ്ങളിലെ ഭാരതിയാര്‍–കലൈമാമണി പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകള്‍, സംഗീതനാടകം തുടങ്ങിയ വിവിധ മേഖലകളിലായി 90 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിക്കുക.











