
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന ആരംഭിച്ചു. ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടേയും മമ്മൂട്ടിയുടെ ഇളംകുളത്തെ പുതിയ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ദുൽഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വസതി, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലായി ഒരേസമയം പരിശോധന തുടരുകയാണ്.
ഫെമ നിയമം ലംഘിച്ചതിന്മേലുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി ആരംഭിച്ചതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഭൂട്ടാൻ–നേപ്പാൾ വഴികളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ പോലുള്ള ആഡംബര വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത ഒരു സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.
കോയമ്പത്തൂരിൽ ആസ്ഥാനം ഉള്ള ഈ സംഘത്തിന്‍റെ ഇടപാടുകളിൽ ഇന്ത്യൻ ആർമി, യുഎസ് എംബസി, വിദേശകാര്യമന്ത്രാലയം എന്നിവയുടെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ചതും, അരുണാചൽ, ഹിമാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യാജ ആർടിഒ രജിസ്ട്രേഷൻ നമ്പറുകൾ ഉപയോഗിച്ചതുമാണ് പ്രാഥമികമായി കണ്ടെത്തിയത്. പിന്നീട് ഈ കാറുകൾ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റതായും അന്വേഷണത്തിൽ സൂചനയുണ്ട്.
ഫെമയുടെ 3, 4, 8 വകുപ്പുകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇഡി നടപടി ആരംഭിച്ചു. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടത്തുകളും അന്വേഷണ പരിധിയിലുണ്ട്.
എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകൾ, ഓട്ടോ വർക്ക്‌ഷോപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, സിനിമാ താരങ്ങളുടെ വസതികൾ എന്നിവിടങ്ങളിലാണ് പരിശോധനയെന്ന് ഇഡി സ്ഥിരീകരിച്ചു.
ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ സമയത്ത് 33 ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അതിൽപ്പെട്ട ലാൻഡ് റോവർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും, അന്വേഷണം പുരോഗമിക്കുകയാണെന്ന നിലപാട് കോടതി സ്വീകരിച്ചു.
കസ്റ്റംസ് റിപ്പോർട്ടിൽ, ദുൽഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ദുൽഖറുമായി ബന്ധപ്പെട്ട് മറ്റു രണ്ടു വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
കേസിന്റെ പുരോഗതിയിൽ പ്രധാനപ്പെട്ട നാഴികക്കല്ലായി മാറിയ ഇഡിയുടെ ഈ പരിശോധനയിൽ നിന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കാം.











