
മധ്യപ്രദേശിൽ 20 കുട്ടികളുടെ ജീവൻ നഷ്ടപ്പെടുത്തിയ ചുമമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനിയുടെ ഉടമ ജി. രംഗനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രംഗനാഥൻ പിടിയിലായത്. ചിന്ത്വാര എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചെന്നൈയിൽ നിന്ന് പിടികൂടിയതായി റിപ്പോർട്ടുണ്ട്. ഇന്നലെയാണ് പൊലീസ് സംഘം തമിഴ്നാട്ടിൽ എത്തിയതെന്ന് വിവരം.
വിഷമരുന്ന് ദുരന്തം അതീവ ഗൗരവമായി കാണുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ഡ്രഗ് കണ്ട്രോളർമാർക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധനയ്‌ക്കു വിധേയമാക്കണമെന്നും, ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധിക്കണം എന്നും നിർദേശത്തിൽ പറയുന്നു. പരിശോധനാ വിവരങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കണമെന്നും, സംസ്ഥാനങ്ങൾ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, ദുരന്തത്തിൽ കേന്ദ്രാന്വേഷണം ആവശ്യപ്പെട്ട്, ഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻ ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മരുന്ന് നിർദേശിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരെ ഐ.എം.എ. ചിന്ത്വാരയിൽ അനിശ്ചിതകാല സമരം തുടങ്ങി. ശ്രേഷൻ ഫാർമയുടെ ഉടമകളെ പിടികൂടാൻ പ്രത്യേക അന്വേഷണം ആരംഭിച്ചതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.
ഇതോടൊപ്പം, ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയോട് ഈ സംഭവത്തെക്കുറിച്ച് വിശദവിവരങ്ങൾ തേടി. മരണത്തിന് കാരണമായ ‘കോൾഡ്രിഫ്’ കഫ് സിറപ്പ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ തേടിയതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ മറുപടി ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.











