
“അമ്മമ്മേ മനൂ” എന്ന് പറഞ്ഞു കൊണ്ട് മലയാളികളുടെ മനസിലേക്ക് ഇടിച്ചു കയറിയ ആ പൂച്ചപ്പൂട പയ്യൻ ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറായി വളർന്നു പന്തലിച്ചിരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ ഇന്ന് 41ആം ജന്മദിനം ആഘോഷിക്കുകയാണ്.
രഞ്ജിത്ത് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ മലയാളത്തിൽ നായക നടനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറും, സംവിധായകനും, നിർമ്മാതാവും, വിതരണക്കാരനുമൊക്കെയാണ്. ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത് ‘വാസ്തവം’ എന്ന ചിത്രത്തിലൂടെ ‘സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാള നടൻ’ എന്ന ഖ്യാതിയും പൃഥ്വിരാജ് സ്വന്തമാക്കി.

പിന്നീട് അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, ആടുജീവിതം എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കാൻ പൃഥ്വിക്ക് സാധിച്ചു. ഒരു നടൻ എന്ന നിലയിൽ മികച്ച സിനിമകളുടെ ഭാഗമാവുകയും സംവിധായകൻ എന്ന നിലയിൽ നിരന്തരം തേച്ചുമിനുക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്. വിലായത്ത് ബുദ്ധയും ഖലീഫയും രാജമൗലി ചിത്രവുമാണ് ഇനി പൃഥ്‌വിരാജിന്റേതായി പുറത്തിറങ്ങുന്നത്.











