‘ബാഹുബലി ദി എപ്പിക്ക്’; ഒക്ടോബർ 31 റീ റിലീസ്, ട്രെയിലർ പുറത്ത്

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ദൃശ്യവിസ്മയമായി മാറിയ ബാഹുബലി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ബാഹുബലി: ദി ബിഗിനിംഗ് റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി, ചിത്രം ‘ബാഹുബലി: ദി എപ്പിക്’ എന്ന പേരിൽ ഒക്ടോബർ 31ന് രാജ്യത്തുടനീളം വീണ്ടും പ്രദർശനത്തിന് എത്തും.

ഇതിനോടനുബന്ധിച്ച് 2 മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള പുതിയ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ചിത്രത്തിലെ പ്രശസ്തമായ രംഗങ്ങളും ഐകോണിക് ഡയലോഗുകളും പുതുക്കിയ ദൃശ്യമികവോടെ ഉൾപ്പെടുത്തിയിരിക്കുന്നു.

2015ൽ റിലീസ് ചെയ്ത ബാഹുബലി: ദി ബിഗിനിംങ്, 2017ലെ രണ്ടാം ഭാഗമായ ബാഹുബലി 2: ദി കൺക്ലൂഷനും ഇന്ത്യൻ സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രം പുനർലിഖനം ചെയ്തിരുന്നു. ഇപ്പോൾ ഈ പ്രൗഢകഥ 4K ഗുണമേന്മയിൽ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

കേരളത്തിൽ ബാഹുബലി: ദി എപ്പിക് പ്രദർശനത്തിന് എത്തിക്കുന്നത് സെഞ്ചുറി കൊച്ചുമോന്റെ നേതൃത്വത്തിലുള്ള പ്രമുഖ വിതരണസ്ഥാപനമായ സെഞ്ചുറി ഫിലിംസാണ്.