
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് ശക്തമായ എതിരാളിയായി എലോൺ മസ്‌ക് പുതിയ എ.ഐ. പ്ലാറ്റ്‌ഫോമായ ഗ്രോക്കിപീഡിയ പുറത്തിറക്കി. തന്റെ എക്‌സ അക്കൗണ്ടിലൂടെയാണ് മസ്‌ക് ഗ്രോക്കിപീഡിയ 0.1ന്റെ ലോഞ്ച് പ്രഖ്യാപിച്ചത്.
വിക്കിപീഡിയയെക്കാൾ പത്ത് മടങ്ങ് വേഗതയുള്ളതാണ് ഗ്രോക്കിപീഡിയ 0.1 എന്ന് മസ്‌ക് അവകാശപ്പെട്ടു. പൂർണ്ണമായും എ.ഐ. അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ വിജ്ഞാനകോശം ഗൂഗിൾ ഉൾപ്പെടെ വിവിധ സെർച്ച് എഞ്ചിനുകൾ വഴിയും നേരിട്ട് grokipedia.com വഴിയും ഉപയോഗിക്കാവുന്നതാണ്.
മസ്‌കിന്റെ സ്വന്തം എ.ഐ. കമ്പനിയായ xAI വികസിപ്പിച്ച ചാറ്റ്‌ബോട്ടായ ഗ്രോക്ക്ന്റെ ശേഷി കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള പുതിയ സംരംഭമായാണ് ഗ്രോക്കിപീഡിയയെ കാണുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന വെബ്‌സൈറ്റുകളിലൊന്നായ വിക്കിപീഡിയയെക്കാൾ കൂടുതൽ കൃത്യതയും വിശ്വാസ്യതയും ഈ പ്ലാറ്റ്‌ഫോമിന് ഉണ്ടാകുമെന്ന് മസ്‌ക് അവകാശപ്പെടുന്നു. യഥാർത്ഥ വിവരങ്ങൾക്കാണ് ഗ്രോക്കിപീഡിയ കൂടുതൽ പ്രാധാന്യം നൽകുക, കൂടാതെ പക്ഷപാതമോ രാഷ്ട്രീയ അജണ്ടകളോ ഇല്ലാത്ത ഒരു ഓൺലൈൻ വിജ്ഞാനകോശം സൃഷ്ടിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി











