
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധനേടിയ വിദ്യാർത്ഥിനി പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നതായി പിതാവ് അറിയിച്ചു. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസിലേക്കാണ് പെൺകുട്ടിയെ ചേർത്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ആരും പേടിക്കാത്ത, ഉൾക്കൊള്ളലിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്ന സ്ഥലത്തേക്കാണ് മകൾ എത്തിയിരിക്കുന്നത്,” എന്നായിരുന്നു പിതാവിന്റെ വാക്കുകൾ.ഹിജാബ് വിവാദം ശക്തമായതിനെ തുടർന്ന് വിദ്യാർത്ഥിനി മുൻ സ്കൂൾ വിടാൻ തീരുമാനിച്ചിരുന്നു.
ഇതിനിടെ, പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജിയെ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളിൽ തീർപ്പാക്കിയിരുന്നു. വിദ്യാർത്ഥിനി അതേ സ്കൂളിൽ തുടരാൻ താൽപ്പര്യമില്ലെന്ന് പിതാവ് വ്യക്തമാക്കിയതോടെയും, സംസ്ഥാന സർക്കാർ തുടർനടപടി ആവശ്യമില്ലെന്ന് അറിയിച്ചതോടെയുമാണ് കോടതി കേസിൽ തീരുമാനം പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ സമർപ്പിച്ച നിലപാടിൽ, കുട്ടിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. അതേസമയം, സ്കൂളിന്റെ അഭിഭാഷകൻ വാദിച്ചത്, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസരീതിയുടെ ഭാഗമായാണ് എല്ലാ വിദ്യാർത്ഥികളെയും ഒരുപോലെ പരിഗണിക്കുന്നത്, അതിനാൽ ഹിജാബ് ധരിക്കുന്നത് അനുവദനീയമല്ലെന്നുമായിരുന്നു.
വിഷയം സമാധാനപരമായി പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ, എല്ലാ കക്ഷികളും തുടർനടപടി ആവശ്യമില്ലെന്ന് അറിയിച്ചു. ഇതോടെ, ഹൈക്കോടതി ഹർജി തീർപ്പാക്കുന്നതായി അറിയിച്ചു.
മുമ്പ്, ഹിജാബ് ധരിച്ച വിദ്യാർത്ഥിയെ പ്രവേശിപ്പിക്കാത്തതിൽ സ്കൂൾ നടപടിയിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന്, വിദ്യാർത്ഥിനിയുടെ പിതാവും ഹർജിയിൽ കക്ഷിയായി ചേർന്നിരുന്നു.











