“ജനനായകൻ” തരംഗം: റിലീസിന് മാസങ്ങൾ മുൻപേ എറണാകുളം കവിതയിലെ 4 മണി ഫാൻസ് ഷോ ഹൗസ്ഫുൾ!

തമിഴകത്തിന്റെ സൂപ്പർ താരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രം എന്ന് കരുതപ്പെടുന്ന ‘ജനനായകൻ’  എന്ന സിനിമയുടെ കേരളത്തിലെ ആദ്യ ഫാൻസ് ഷോ ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു. ചിത്രത്തിന്റെ റിലീസിന് 56 ദിവസം ബാക്കിനിൽക്കെയാണ് ഈ റെക്കോർഡ് വിൽപ്പന.

കേരളത്തിലെ ഏറ്റവും വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററുകളിലൊന്നായ എറണാകുളം കവിത തിയറ്ററിലാണ് റിലീസ് ദിനമായ ജനുവരി 9-ന് പുലർച്ചെ 4 മണിക്ക് ഫാൻസ് ഷോ ഒരുക്കിയിരുന്നത്. 1130 സീറ്റുകളുള്ള ഈ ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇപ്പോൾത്തന്നെ വിറ്റുപോയതായി അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ വിജയ് ആരാധകരുടെ ആവേശം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം.

അടുത്ത വർഷം പൊങ്കൽ റിലീസായി ജനുവരി 9-ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ‘ജനനായകൻ’, താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പാണ് സ്വന്തമാക്കുന്നത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപ് വിജയ് പ്രേക്ഷകർക്ക് നൽകുന്ന അവസാന വിരുന്നായിരിക്കും ഈ സിനിമ എന്ന പ്രതീക്ഷയാണ് വലിയ ആവേശത്തിന് കാരണം.

തിയറ്ററുകളിൽ മാത്രമല്ല, പ്രീ-റിലീസ് ബിസിനസിലും ചിത്രം വൻ നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ‘ജനനായകന്റെ’ ഓവർസീസ് വിതരണാവകാശം 78 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ 110 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.