അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റ്, മധ്യപ്രദേശിനോട് കൂറ്റന്‍ തോല്‍വി വഴങ്ങി കേരളം

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് നിരാശാജനകമായ തോൽവി. ശക്തമായ പ്രകടനം കാഴ്ചവെച്ച മധ്യപ്രദേശ്, ഒൻപത് വിക്കറ്റിന് കേരളത്തെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത കേരളം വെറും 26.2 ഓവറിൽ 65 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് 8.1 ഓവറിൽ ലക്ഷ്യം നേടുകയായിരുന്നു.കേരളത്തിന്റെ ബാറ്റിങ് നിര പൂർണമായും തകരാൻ കാരണമായത് മധ്യപ്രദേശ് ബൗളർ മംഗേഷ് യാദവിന്റെ അസാധാരണ ബൗളിംഗ് പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറിൽ തന്നെ ഒമർ അബൂബക്കർ (1) മംഗേഷിന്റെ പന്തിൽ ബൗൾഡ് ആയി മടങ്ങി. തുടർന്ന് കൃഷ്ണനാരായണനെ മാധവ് തിവാരി പുറത്താക്കി. അടുത്ത ഓവറിൽ അഭിഷേക് നായരും മംഗേഷിന്റെ ഇരയായി — കേരളം മൂന്ന് വിക്കറ്റിന് വെറും പത്ത് റൺസെന്ന നിലയിലായിരുന്നു.തുടർന്നെത്തിയ ഷോൺ റോജർ, വിജയ് വിശ്വനാഥ്, രോഹൻ നായർ , അഭിജിത് പ്രവീൺ എന്നിവർക്കും പിടിച്ചു നില്ക്കാനായില്ല. ഷോൺ റോജറെ മാധവ് തിവാരി പുറത്താക്കിയപ്പോൾ മറ്റുള്ളവരെല്ലാം മംഗേഷിന്‍റെ ഇരകളായി. പവൻ ശ്രീധറും ആദിത്യ ബൈജുവും ചേർന്ന 17 റൺസ് കൂട്ടുകെട്ടാണ് കേരളത്തിൻ്റെ സ്കോർ 65ൽ എത്തിച്ചത്. കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത് ഇവർ രണ്ടു പേർ മാത്രമാണ്. 26.2 ഓവറിൽ 65 റൺസിന് കേരളം ഓൾ ഔട്ടായി. മംഗേഷ് യാദവ് ആറും മാധവ് തിവാരി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് അനായാസം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ചഞ്ചൽ റാഥോഡ് 39ഉം സോഹം പട്വർധൻ ആറും റൺസുമായി പുറത്താകാതെ നിന്നു. 20 റൺസെടുത്ത സക്ഷം പുരോഹിതിനെ അഭിജിത് പ്രവീൺ പുറത്താക്കി. ഒൻപതാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് വിജയത്തിലെത്തി.