ചെങ്കോട്ട ഭീകരാക്രമണം: സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ജയ്‌ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ വീട് പൊളിച്ചു നീക്കിയത്.

നിലവിൽ കെട്ടിടാവശിഷ്ടങ്ങൾ മാത്രമാണ് സംഭവസ്ഥലത്ത് അവശേഷിക്കുന്നത്. വീട് തകർക്കുന്നതിന് മുന്നോടിയായി കുടുംബാംഗങ്ങളെ ഇവിടെനിന്ന് മാറ്റിയിരുന്നു. ഇയാളുമായി ബന്ധമുള്ള ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലുകൾ: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബിയാണെന്ന് കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ഒത്തുനോക്കിയതിലൂടെ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ചെങ്കോട്ട കാർ സ്ഫോടനവുമായി ബന്ധപ്പെട്ട സംഘം രാജ്യത്തെ നാല് നഗരങ്ങളിൽക്കൂടി സമാനമായ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി. അടുത്തിടെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ (ബിലാൽ-35) കൂടി മരണപ്പെട്ടതോടെ ചെങ്കോട്ട സ്ഫോടനത്തിലെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു.

ഭീകര ശൃംഖലയും ധനസമാഹരണവും: ഡോ. ഉമറും അറസ്റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവരും സ്വിറ്റ്‌സർലൻഡിലെ ഒരു എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷം രൂപയിലധികം സമാഹരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശിലെയും കാൺപൂരിലെയും മെഡിക്കൽ കോളജുകളിലെ അസി. പ്രൊഫസർ ഉൾപ്പെടെ കൂടുതൽ പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്ഫോടകവസ്തുക്കൾ വാങ്ങിയതിൽ ഉമറിന് പങ്ക്: ഭീകരാക്രമണത്തിനായുള്ള ഫണ്ടുകൾ കൈകാര്യം ചെയ്യാനും സ്ഫോടകവസ്തുക്കൾ വാങ്ങാനും ഉമറിനെയാണ് സംഘം ചുമതലപ്പെടുത്തിയിരുന്നത്.