
തമിഴകത്തെ ഇതിഹാസ താരങ്ങളായ കമൽ ഹാസനും രജനികാന്തും ഒന്നിക്കുന്ന പ്രോജക്റ്റിൽ നിന്ന് സംവിധായകൻ സുന്ദർ സി പിന്മാറിയതായി റിപ്പോർട്ട്. സംവിധായകന്റെ ഭാര്യയും നടിയുമായ ഖുശ്ബു സുന്ദർ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. പ്രസ്താവന പിന്നീട് നീക്കം ചെയ്തെങ്കിലും, സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ’ കാരണമാണ് ‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്റ്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് സുന്ദർ സി പ്രസ്താവനയിൽ പറയുന്നു. ഈ സിനിമയെ ആകാംഷയോടെ കാത്തിരുന്ന ആരാധകരോട് അദ്ദേഹം ക്ഷമയും ചോദിച്ചു.
ചിത്രം സുന്ദർ സി സംവിധാനം ചെയ്യുമെന്ന് കമൽ ഹാസൻ അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് രാജ്കമൽ ഓഫിസിൽ വെച്ച് സിനിമയുടെ പൂജ നടന്നത്. 2027-ലെ പൊങ്കലിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് കമൽ ഹാസൻ അറിയിച്ചിരുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുന്ദർ സിയുടെ പിന്മാറ്റത്തോടെ പുതിയ സംവിധായകൻ ആരായിരിക്കും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.











