
മോഹൻലാലിനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘എൽ 365’ ന്റെ അണിയറ പ്രവർത്തകരെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പുറത്തു വന്നു. പ്രമുഖ നടനും സിനിമാപ്രവർത്തകനുമായ ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്നു എന്നതാണ് പുതിയ അറിയിപ്പ്.
മോഹൻലാലിൻ്റെ സമീപകാലത്തെ വൻ വിജയ ചിത്രങ്ങളിലൊന്നിൻ്റെ ഡയറക്ഷൻ ഡിപ്പാർട്ട്‌മെൻ്റിൽ കോ ഡയറക്ടറായി ബിനു പപ്പു നേരത്തെ പ്രധാന പങ്കുവഹിച്ചിരുന്നു. ആ കൂട്ടുകെട്ട് ‘എൽ 365’ ലൂടെ ക്രിയേറ്റീവ് ഡയറക്ടർ എന്ന നിലയിൽ തുടരുകയാണ്.
‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും ‘അഞ്ചാം പാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയനായ ഡാൻ ഓസ്റ്റിൻ തോമസാണ് ‘എൽ 365’ സംവിധാനം ചെയ്യുന്നത്. ‘അടി’, ‘ഇഷ്ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് രവി തിരക്കഥ, സംഭാഷണം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
‘തന്ത വൈബ്’, ‘ടോർപിഡോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിലൊന്നാണ് ‘എൽ 365’. മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു പ്രധാന വാർത്ത. റിലീസ് ചെയ്ത പോസ്റ്ററിൽ ഒരു വാഷ് ബേസിൻ കണ്ണാടിയിൽ ചിത്രത്തിന്റെ പേര് എഴുതിയ ദൃശ്യവും സമീപത്തായി തൂക്കിയിട്ടിരിക്കുന്ന പോലീസ് ഷർട്ടുമാണ് ആരാധകർക്ക് ആവേശം നൽകുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്











