ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ ചിത്രം ‘വള’ ഒടിടിയിലെത്തി

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കോമഡി എന്റർടെയ്‌നർ ചിത്രം ‘വള’  ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തി. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിനു ശേഷമാണ് ചിത്രം സൈനപ്ലേ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്.

സെപ്റ്റംബർ 19-നാണ് ‘വള’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഒരു ‘വള’യെ ചുറ്റിപ്പറ്റി പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹാസ്യത്തിൽ ചാലിച്ച കുടുംബ ബന്ധങ്ങളുടെ കഥയാണ് ‘വള’യുടെ പ്രമേയം.

‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ ശ്രദ്ധനേടിയ മുഹാഷിനാണ് ‘വള’ സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് നായികമാർ. വിജയരാഘവൻ, ശാന്തികൃഷ്ണ, അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രശസ്ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ചുവെന്ന പ്രത്യേകതയുമുണ്ട്. ഫെയർബെ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. വിതരണം വേഫറർ ഫിലിംസായിരുന്നു.