കാന്ത’യ്ക്ക് വമ്പൻ തുടക്കം: ആദ്യ ദിനം ബോക്സ് ഓഫീസിൽ ₹4 കോടി നേടി

യുവതാരം ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രം ‘കാന്ത’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം ബോക്സ് ഓഫീസിലും മികച്ച തുടക്കം. പ്രമുഖ സിനിമാ ട്രാക്കർമാരുടെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നെറ്റ് കളക്ഷനായി ഏകദേശം 4 കോടി രൂപ നേടിയതായാണ് പ്രാഥമിക കണക്കുകൾ.

പോസിറ്റീവായ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം വരും ദിവസങ്ങളിൽ കളക്ഷനിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. റിലീസിന് രണ്ട് ദിവസം മുമ്പ് ചെന്നൈയിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ പ്രത്യേക പ്രിവ്യൂവിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിൽ ദുൽഖറിൻ്റെ പ്രകടനത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

1950-കളിലെ തമിഴ് സിനിമാ ലോകത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘കാന്ത’യിൽ ടി. കെ. മഹാദേവൻ എന്ന യുവ സൂപ്പർതാരമായാണ് ദുൽഖർ വേഷമിട്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസായ ‘ദ ഹണ്ട് ഫോർ വീരപ്പൻ’ ഒരുക്കിയ സെൽവമണി സെൽവരാജിൻ്റെ ആദ്യ ഫീച്ചർ സിനിമയാണിത്.

 അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം.