
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന സീസണിനെ മുന്നോടിയായി കെഎസ്ആർടിസി എല്ലാ സർവീസ് ഒരുക്കങ്ങളും പൂർത്തിയാക്കി. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകളും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.
ആദ്യഘട്ട സർവീസുകൾക്കായി ഏകദേശം 500 ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. അതിൽ 140 നോൺ-എസി സർവീസ് ബസുകൾ, 30 എസി ലോ ഫ്ലോർ ബസുകൾ, ഷോർട്ട് വീൽ മോഡലുകൾ എന്നിവയുൾപ്പെടെ 203 ബസുകൾ പമ്പയിലും നിലയ്ക്കലിലും മാത്രം വിന്യസിച്ചിരിക്കുകയാണ്. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ബസുകൾ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിൽ നിന്നും ആവശ്യത്തിന് അനുസരിച്ച് പ്രത്യേക സർവീസുകൾ സംഘടിപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം എന്നിവയുൾപ്പെടെ പ്രധാന യൂണിറ്റുകളിൽ ആവശ്യത്തിനനുസരിച്ച് ചാർട്ടേഡ് ട്രിപ്പുകളും അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും.
സർവീസുകളിലുടനീളം ഉണ്ടാകാവുന്ന സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിക്കാനായി നിലയ്ക്കൽ, പ്ലാപ്പള്ളി, പെരിനാട് മേഖലകളിൽ കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ ടീം 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കെഎസ്ആർടിസിയുടെ ആംബുലൻസ് സേവനവും പമ്പയിൽ ഒരുക്കിയിട്ടുണ്ട്.
പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് വിവിധ സ്ഥലനാമങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ, യാത്രക്കാർക്ക് ഗതാഗത ക്രമീകരണങ്ങൾ വേഗത്തിൽ മനസിലാക്കാൻ ഡെസ്റ്റിനേഷൻ നമ്പറുകളും വ്യക്തമായി പ്രദർശിപ്പിക്കും. പമ്പയിൽ നിന്ന് വിവിധ റൂട്ടുകളിലേക്ക് പോകുന്ന സർവീസുകളിലും ഈ നമ്പറുകൾ ഡെസ്റ്റിനേഷൻ ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്.











