റീ-റിലീസിന് ആഗ്രഹിക്കുന്ന സിനിമ ‘വർഗ്ഗം’; കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

സിനിമാലോകത്ത് നിലവിൽ റീ-റിലീസുകളുടെ കാലമാണ്. മുൻപ് ശ്രദ്ധേയമായെങ്കിലും ചില കാരണങ്ങളാൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയ ചിത്രങ്ങൾ ഉൾപ്പെടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. മലയാളത്തിൽ ‘സമ്മർ ഇൻ ബത്ലഹേം’ പോലുള്ള സൂപ്പർ ഹിറ്റുകൾ വീണ്ടും റിലീസിന് തയ്യാറെടുക്കുന്ന ഈ സമയത്ത്, താൻ റീ-റിലീസ് ചെയ്യാൻ ഏറെ ആഗ്രഹിക്കുന്ന സിനിമ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ.

തൻ്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ ലോഞ്ച് വേളയിലാണ് പൃഥ്വിരാജ് ഈ പ്രതികരണം നടത്തിയത്. തൻ്റെ ചിത്രങ്ങളിൽ ഏതാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഒരുപാട് സിനിമകളുണ്ട്. നമ്മൾ അഭിനയിച്ച ഓരോ ചിത്രത്തോടും ഒരു പ്രത്യേക ഇഷ്ടമുണ്ടാകും. എങ്കിലും ആ സിനിമ ഉണ്ടായ രീതിയും അതിൻ്റെ സാഹചര്യങ്ങളും വെച്ച്, എനിക്ക് ഏറെ സ്പെഷ്യലായ സിനിമയാണ് ‘വർഗ്ഗം’. ആ ചിത്രം വീണ്ടും റീ-റിലീസ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” എന്നായിരുന്നു പൃഥ്വിരാജിൻ്റെ വാക്കുകൾ.

എം. പദ്മകുമാറിൻ്റെ രചനയിലും സംവിധാനത്തിലും 2006-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘വർഗ്ഗം’. സോളമൻ ജോസഫ് എന്ന അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിച്ചത്. രേണുക മേനോൻ, വിജയരാഘവൻ, ദേവൻ, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.

അതേസമയം, പൃഥ്വിരാജ് നായകനായ ‘വിലായത്ത് ബുദ്ധ’ നവംബർ 21-ന് തിയേറ്ററുകളിലെത്തും. ജി. ആർ. ഇന്ദുഗോപൻ്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സന്ദീപ്‌ സേനൻ ആണ്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.