
ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ള തീവ്രവാദികൾ ഇന്ത്യയിലുള്ളവരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കവെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടത്.
പാക് അധീന കാശ്മീർ, അഫ്ഗാനിസ്ഥാൻ എന്നീ മേഖലകളിൽ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഫോൺ കോളുകൾ എത്തിയിരുന്നത്. ഭീകരർ ആരംഭിച്ച ഒരു പ്രത്യേക ടെലിഗ്രാം ഗ്രൂപ്പിൽ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വ്യക്തികളും അംഗങ്ങളായിരുന്നു എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണ ഏജൻസികൾ നടപടിയെടുത്തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉമർ നബിയുമായി അടുപ്പമുള്ള കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻ.ഐ.എ. (ദേശീയ അന്വേഷണ ഏജൻസി) ഊർജിതമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി ശേഖരിച്ചുവരികയാണ്.
കൂടാതെ, ദില്ലിയിലെ അൽ ഫലാ സർവകലാശാലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഏകദേശം 200 ജീവനക്കാർ എൻഐഎയുടെ നിരീക്ഷണത്തിലാണ്. സ്ഫോടനം നടന്നതിന് പിന്നാലെ കാമ്പസിൽ നിന്ന് പോയവരെ കണ്ടെത്താനുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.











