ബ്യൂട്ടി ആന്റ് ദി ബീസ്റ്റ്’: എസ്തറിനൊപ്പമുള്ള മോഹൻലാലിന്റെ രസകരമായ വാട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ എസ്തർ അനിലിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ മകളായി അഭിനയിച്ച എസ്തർ, താനും താരരാജാവുമായുള്ള രസകരമായ വാട്‌സ്ആപ്പ് സംഭാഷണമാണ് പങ്കുവെച്ചത്.

നിലവിൽ ‘ദൃശ്യം 3’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് എസ്തർ. ഈ സമയത്താണ് മോഹൻലാൽ അയച്ച രസകരമായ ഒരു ചിത്രം എസ്തർ സ്റ്റോറിയാക്കിയത്. എസ്തറിന്റെ മടിയിൽ ഒരു കുരങ്ങനെ എഡിറ്റ് ചെയ്ത് ചേർത്ത ചിത്രമായിരുന്നു മോഹൻലാൽ അയച്ചത്. കൂടാതെ, ചിത്രത്തിന് അദ്ദേഹം നൽകിയ അടിക്കുറിപ്പ് ആരാധകരെ ചിരിപ്പിച്ചു. “ബ്യൂട്ടി ആന്റ് ദി ബീസ്റ്റ്” (Beauty and the Beast) എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.

തന്റെ സ്നേഹനിധിയായ ‘ലാൽ അങ്കിളിന്റെ’ ഈ കുസൃതി ആരാധകരുമായി പങ്കുവെച്ച എസ്തർ, “ലാൽ അങ്കിളിനൊപ്പമുള്ള അതിജീവനത്തിന്റെ മറ്റൊര ദിവസം” എന്നും സ്റ്റോറിയിൽ കുറിച്ചു. സിനിമയിലെ അച്ഛനും മകളും തമ്മിലുള്ള ഈ സൗഹൃദ നിമിഷം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് ശ്രദ്ധ നേടുകയും ‘ജോർജുകുട്ടിയുടെ ഓരോ കുസൃതികളേ’, എന്ന് കുറിച്ചു കൊണ്ടാണ് ഈ സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.