
ഏറ്റവും പുതിയ ചിത്രമായ ‘വാർ 2’ ബോക്സ് ഓഫീസിൽ തകർന്നതിനെക്കുറിച്ച് സ്വയം കളിയാക്കി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം, തൻ്റെ സിനിമയുടെ വാണിജ്യപരമായ പരാജയത്തെക്കുറിച്ച് തമാശ രൂപേണ സംസാരിച്ചത്.
സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചടങ്ങിൽ അവതാരകൻ ഹൃത്വിക്കിനെ ‘സൂപ്പർ സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചപ്പോൾ നിറഞ്ഞ ചിരിയോടെയായിരുന്നു താരത്തിൻ്റെ മറുപടി.
അവതാരകന്റെ വാക്കുകൾക്ക് മറുപടിയായി ഹൃത്വിക് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ സ്നേഹത്തിന് വലിയ നന്ദിയുണ്ട്. എൻ്റെ സിനിമ ഇപ്പോൾ ബോക്സ് ഓഫീസിൽ തകർന്നുപോയതേ ഉള്ളൂ. അതുകൊണ്ട് നിങ്ങൾ നൽകുന്ന ഈ സ്നേഹം വലിയ സന്തോഷം നൽകുന്നു.”
പ്രതീക്ഷകൾ തെറ്റിച്ച ‘വാർ 2’
യാഷ് രാജ് ഫിലിംസിൻ്റെ ‘സ്പൈ യൂണിവേഴ്സി’ലെ പ്രധാന ചിത്രങ്ങളിലൊന്നായി പുറത്തിറങ്ങിയ ‘വാർ 2’ വിന് വൻ ബജറ്റാണ് ഉണ്ടായിരുന്നത്. ചിത്രത്തിന് ലഭിച്ച കളക്ഷൻ മറ്റ് സിനിമകളെ അപേക്ഷിച്ച് മികച്ചതായിരുന്നുവെങ്കിലും, നിർമ്മാണച്ചെലവും വലിയ മുതൽമുടക്കും കാരണം വാണിജ്യ വിശകലന വിദഗ്ധർ സിനിമയെ ബോക്സ് ഓഫീസ് പരാജയമായി കണക്കാക്കിയിരുന്നു. ജൂനിയർ എൻ.ടി.ആർ ആദ്യമായി ഹിന്ദിയിൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.
സിനിമയുടെ പരാജയത്തെക്കുറിച്ച് വിനയത്തോടെ സംസാരിച്ച ഹൃത്വിക് റോഷൻ്റെ മനോഭാവത്തെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. പരാജയങ്ങളെ തമാശയോടെ നേരിടാനുള്ള താരത്തിൻ്റെ കഴിവ് അദ്ദേഹത്തിൻ്റെ വിനയത്തിൻ്റെ തെളിവാണെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.











