‘തേജസ്’ അപകടം; നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും ; ഭാര്യയും വ്യോമസേനയിലെ പൈലറ്റാണ്

വെള്ളിയാഴ്ച ദുബായ് എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്നു മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും.

ഡൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു കൊണ്ടുപോകും. ഭാര്യ അഫ്സാനും വ്യോമസേനയിലെ പൈലറ്റാണ്. പിതാവ് ജഗന്നാഥ് സ്യാൽ ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്തിട്ടുണ്ട്.

തേജസ് തകർന്നു വീണ സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായിൽ നടന്നത്.

ദുബായ് എയർ ഷോയുടെ അവസാന ദിനം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരൺ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം.രണ്ടുതവണ കുത്തനെ മുകളിലേക്കുയർന്നു കരണംമറിഞ്ഞശേഷം മൂന്നാമതും ഇതാവർത്തിക്കാൻ ശ്രമിക്കുമ്പോൾ താഴേക്കു പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തകർ അതിവേഗം അപകട സ്ഥലത്തെത്തി വിമാനത്തിലെ തീ അണച്ചു. വിങ് കമാൻഡർ നമാംശ് സ്യാലിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. വിമാനത്തിന് അപാകതകൾ ഉണ്ടായിരുന്നു എന്നും എന്നാൽ അത് വേണ്ടവിധം പരിഹരിച്ചില്ല എന്ന തരത്തിലും ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.