ശുഭ്മാൻ ഗില്ലിന്റെ പരിക്ക് ഗുരുതരം; ദക്ഷിണാഫ്രിക്കൻ ഏകദിന, ടി20 പരമ്പരകൾ നഷ്ടമാകും, തിരിച്ചുവരവ് വൈകിയേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ കഴുത്തുവേദനയുമായി ബന്ധപ്പെട്ട പരിക്ക് വിലയിരുത്തിയതിലും ഗുരുതരമെന്ന് റിപ്പോർട്ട്. ഇതോടെ, വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ നിന്ന് ഈ യുവതാരത്തിന് പൂർണമായി വിട്ടുനിൽക്കേണ്ടി വരുമെന്നാണ് സൂചന. ഗില്ലിന്റെ തിരിച്ചുവരവിന് മാസങ്ങൾ വരെ എടുത്തേക്കാം.

കഴുത്തുവേദനയെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് ഗിൽ നേരത്തെ പിന്മാറിയിരുന്നു. വേദന കുറയ്ക്കാൻ ഇൻജക്ഷൻ എടുത്തുവെങ്കിലും ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുംബൈയിൽ വിദഗ്ദ്ധ ചികിത്സ തേടുകയാണ് ഗിൽ ഇപ്പോൾ.

ന്യൂസിലൻഡ് പരമ്പരയിൽ തിരിച്ചെത്തിയേക്കും

ഈ മാസം 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയും തുടർന്ന് ഡിസംബർ 9ന് തുടങ്ങുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഗില്ലിന് നഷ്ടമാകും. അടുത്ത വർഷം ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലായിരിക്കും താരം കളത്തിലേക്ക് തിരിച്ചെത്താൻ സാധ്യത.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ട് ഗില്ലിന്റെ കാര്യത്തിൽ യാതൊരുവിധ തിടുക്കവും വേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. താരത്തിന് പൂർണ്ണ വിശ്രമം നൽകി, പൂർണ്ണ ആരോഗ്യത്തോടെ മടങ്ങിയെത്തിയാൽ മതിയെന്നാണ് ബിസിസിഐയുടെ നിലപാട്.

ഗില്ലിന്റെ അഭാവം കാരണം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളിൽ പുതിയ നായകനെയും ഉപനായകനെയും സെലക്ടർമാർക്ക് കണ്ടെത്തേണ്ടിവരും. കൂടാതെ, ഗിൽ ഇല്ലാത്തപക്ഷം മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് ഓപ്പണിങ്ങിൽ അവസരം ലഭിക്കാനുള്ള സാധ്യതയും ഏറുകയാണ്.