ഇന്ത്യൻ ടീമിൻ്റെ തകർച്ചയിൽ വിമർശനവുമായി വിരാട് കോലിയുടെ സഹോദരൻ; ‘അനാവശ്യ മാറ്റങ്ങളുടെ ഫലമാണ് ഈ ദുരിതം’

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീം തോൽവി ഒഴിവാക്കാൻ പാടുപെടുമ്പോൾ, ടീം മാനേജ്‌മെന്റിനും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനുമെതിരെ രൂക്ഷവിമർശനവുമായി വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി രംഗത്ത്. അനാവശ്യമായ പരിഷ്കാരങ്ങൾ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.

വികാസ് കോലിയുടെ വിമർശനം: ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിൻ്റെ പേരെടുത്ത് പറയാതെയായിരുന്നു വികാസ് കോലിയുടെ പ്രതികരണം. “വിദേശ രാജ്യങ്ങളിൽ പോലും നമ്മൾ വിജയത്തിനായി കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ, ഇന്ത്യയിൽ പോലും, നമ്മൾ തോൽവി ഒഴിവാക്കാൻ വേണ്ടി ശ്രമിക്കുകയാണ്. അനാവശ്യമായ മാറ്റങ്ങൾ ഒരു സംവിധാനത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയാണ് സംഭവിക്കുക,” വികാസ് കോലി കുറിച്ചു.

സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷം ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ പോലും പതറുന്ന സാഹചര്യത്തിലാണ് ഈ വിമർശനം. പരിശീലകനായി ഗംഭീർ ചുമതലയേറ്റ ശേഷം ഓസ്‌ട്രേലിയയോട് ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 3-1ന് തോറ്റ ഇന്ത്യ, ന്യൂസീലൻഡിനോട് 3-0ന് പരാജയപ്പെട്ടിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റ ടീം, രണ്ടാം മത്സരത്തിലും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. വിരാട് കോലി ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിൽ ഇപ്പോഴും സജീവമാണ്.