
അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ നടത്തിയ പരാമർശങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ‘അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു’ എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
മറ്റുള്ളവരെ ഉപദേശിക്കാൻ പാകിസ്ഥാന് എന്ത് ധാർമ്മികതയാണ് ഉള്ളതെന്ന് ജയ്‌സ്വാൾ ചോദ്യം ചെയ്തു. “മതഭ്രാന്ത്, അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ മോശം പെരുമാറ്റം എന്നിവയുടെ കളങ്കപ്പെട്ട റെക്കോർഡുള്ള ഒരു രാജ്യമെന്ന നിലയിൽ, മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് യാതൊരു ധാർമ്മികതയുമില്ല,” അദ്ദേഹം പറഞ്ഞു.
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ സമർപ്പണം ഔപചാരികമായി പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ക്ഷേത്രത്തിന് മുകളിൽ പതാക ഉയർത്തിയിരുന്നു. ഈ ചടങ്ങിനെതിരെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ രംഗത്തെത്തിയത്.
1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർത്തതിനെ പരാമർശിച്ച പാകിസ്ഥാൻ, രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ ഇന്ത്യൻ സർക്കാരിനെയും നീതിന്യായ വ്യവസ്ഥയെയും വിമർശിച്ചു. ഇത് ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെയും പൈതൃക അവഹേളനത്തിന്റെയും ഉദാഹരണമാണെന്നും, ന്യൂനപക്ഷങ്ങളോടുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ വിവേചനപരമായ സമീപനമാണ് കാണിക്കുന്നതെന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു.
ഈ വിമർശനങ്ങളോടാണ് രൺധീർ ജയ്‌സ്വാൾ രൂക്ഷമായി പ്രതികരിച്ചത്. “കപടമായ പ്രസംഗങ്ങൾ നടത്തുന്നതിനുപകരം, പാകിസ്ഥാൻ സ്വന്തം മനുഷ്യാവകാശ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കണ്ണോടിക്കുന്നതാണ് നല്ലത്,” അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ്റെ പരാമർശങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു.











