
ഗോകുൽ സുരേഷ്, ലാൽ, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പലമുക്കിലെ വിശേഷങ്ങൾ’. ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാർ പുറത്തുവിട്ടു. “ഒരു കൂട്ടം” എന്നാരംഭിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതി സംഗീതം നൽകിയിരിക്കുന്നത് യഥാക്രമം സംവിധായകൻ ജയറാം കൈലാസും രഞ്ജിൻ രാജുമാണ്. ഇരുവരും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. സുധീർ കരമന, മുരളി ചന്ദ്, ഷാജു ശ്രീധർ, നോബി മാർക്കോസ്, ധർമ്മജൻ, മെറീന മൈക്കിൾ, ബിജുക്കുട്ടൻ, അനീഷ് ജി മേനോൻ, വനിത കൃഷ്ണൻ, സൂര്യ, സുനിൽ സുഗത, സജിത മഠത്തിൽ, ഉല്ലാസ് പന്തളം തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചന്ദ് ക്രിയേഷൻസിൻ്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻ നായരാണ് ചിത്രത്തിൻ്റെ നിർമ്മാണം. ഉമേഷ് കൃഷ്ണനാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന് അരുൾ ദേവ് ഈണമിട്ടിട്ടുണ്ട്. അബ്ദുൾ റഹീം ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി. ബിനു ഗാനരചന, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, നാഥൻ കലാസംവിധാനം, നിസാർ മുഹമ്മദ് പ്രൊഡക്ഷൻ കൺട്രോളർ എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.











