
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ദേശീയ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ മരണപ്പെട്ടു എന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമം. അദ്ദേഹത്തെ ജയിലിൽ നിന്ന് മാറ്റിയെന്ന അഭ്യൂഹം ഭരണകൂടം തള്ളിക്കളഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ തന്നെ തുടരുമെന്നും ആരോഗ്യവാനാണെന്നും ജയിൽ അധികൃതർ അറിയിച്ചു. ഇമ്രാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
അഡിയാല ജയിലിൽ നിന്ന് അദ്ദേഹത്തെ സ്ഥലം മാറ്റിയതായുള്ള റിപ്പോർട്ടുകളിൽ സത്യമില്ല. അദ്ദേഹം പൂർണ്ണമായും ആരോഗ്യവാനാണ്, പൂർണ്ണമായ വൈദ്യ സഹായങ്ങൾ ലഭിക്കുന്നുമുണ്ട്’ റാവൽപിണ്ടി ജയിൽ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ വരെ അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് ജയിൽ അധികൃതർ പ്രസ്താവനയുമായി എത്തിയത്. ഇമ്രാൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും ചില സമൂഹമാധ്യമ അകൗണ്ടുകളിലാണ് ആദ്യം വാർത്ത വന്നത്.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികൾ ആയവരെക്കുറിച്ച് അന്വേഷിച്ച് വസ്തുതകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി പറഞ്ഞു. ഇതിനിടെ ഇമ്രാനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദിയാല ജയിലിനുപുറത്ത് കാത്തുനിന്ന സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നോറീൻ നിയാസി എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും മർദിക്കുകയും ചെയ്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.











