എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ എന്നീ കുറ്റങ്ങൾക്ക് കേസ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് കേസെടുത്തു. അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വലിയമല പോലീസാണ് പ്രാഥമികമായി കേസ് രജിസ്റ്റർ ചെയ്തത്.കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയത്. തുടർ നടപടികൾക്കായി കേസ് ഉടൻ തന്നെ നേമം പോലീസിന് കൈമാറും.

മുഖ്യമന്ത്രിയെ നേരിൽ കണ്ട് യുവതി കഴിഞ്ഞ ദിവസം പരാതി കൈമാറിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയാണ് ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രത്തിന് വിധേയയാക്കി എന്ന് യുവതി പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുള്ള പരാതിയിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

ഡിജിറ്റൽ തെളിവുകൾക്ക് പുറമെ, താൻ പല ഘട്ടങ്ങളിലായി വൈദ്യസഹായം തേടിയതിൻ്റെ മെഡിക്കൽ രേഖകളും പെൺകുട്ടി സമർപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും. തിരുവനന്തപുരം റൂറൽ എസ്.പി.ക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനെ ബന്ധപ്പെടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് രാഹുലിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുന്നത്.അതേസമയം, കേസിൽ മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ ആരംഭിച്ചതായാണ് വിവരം. കൊച്ചിയിലെ ഒരു അഭിഭാഷകനുമായി ഇദ്ദേഹം സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

നേരത്തെ, ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോൾ, തനിക്കെതിരെ ഏതെങ്കിലും തരത്തിൽ ഔദ്യോഗികമായി പരാതിയുണ്ടോ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൻ്റെ പ്രതികരണം. ‘ഹൂ കെയേഴ്‌സ്’ എന്നായിരുന്നു ആദ്യഘട്ടത്തിൽ ഇദ്ദേഹത്തിൻ്റെ പ്രതികരണം.

കഴിഞ്ഞ ദിവസം യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ശബ്ദരേഖകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, “സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങൾക്ക് വേണ്ട” എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.