
മലയാളികളുടെ പ്രിയങ്കരിയായ നടി ആനി തോമസുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഗായിക മഞ്ജു തോമസ്. പഴയകാല ഓർമ്മകൾ അയവിറക്കിക്കൊണ്ടുള്ള കുറിപ്പിനൊപ്പം ആനിയുമൊത്തുള്ള അപൂർവ്വ ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നടി ആനിയുടെ അകന്ന ബന്ധുവാണ് താനെന്നും, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലചന്ദ്രമേനോൻ സിനിമയിലെ നായികയായ ആനി തന്റെ കസിനാണെന്ന് കൂട്ടുകാരികളോട് അഭിമാനത്തോടെ പറഞ്ഞ് നടന്നിരുന്ന കാര്യവും മഞ്ജു ഓർത്തെടുത്തു. വീട്ടിൽ ‘ചിത്ര’ എന്നാണ് ആനിയെ വിളിച്ചിരുന്നതെന്നും മഞ്ജു പറയുന്നു.
‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ ആനി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, ബന്ധുക്കൾ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ഒരു സാധാരണ ചേച്ചിയെപ്പോലെ എല്ലാവരുമായി സംസാരിച്ച്, സ്വന്തമായി പലഹാരങ്ങൾ ഉണ്ടാക്കി വിളമ്പുന്ന ആനിയുടെ സ്നേഹവും എളിമയും മഞ്ജുവിന്റെ കുറിപ്പിൽ നിറഞ്ഞുനിൽക്കുന്നു. 16 വയസ്സുള്ള ആനിയുടെ കാര്യമാണ് താൻ പറയുന്നതെന്നും, താരപദവിയിൽ നിൽക്കുമ്പോഴും സ്നേഹബന്ധങ്ങൾക്ക് ഒരു കുറവും വരുത്താത്ത ആനിയെ കുടുംബാംഗങ്ങളെല്ലാം വലിയ അഭിമാനത്തോടെയാണ് കണ്ടിരുന്നതെന്നും ഗായിക കുറിച്ചു.
“ഈ 32 വർഷങ്ങൾക്കിടയിൽ ചേച്ചിയുടെ സ്നേഹത്തിനും സൗഹൃദത്തിനും ഒരു കുറവും വന്നിട്ടില്ല എന്നതാണ് ഹൈലൈറ്റ്,” എന്ന് മഞ്ജു പറയുന്നു. ആദ്യ സിനിമയുടെ ഷൂട്ടിന് ശേഷം വീട്ടിൽ വന്നപ്പോഴുള്ള ചിത്രം മുതൽ 2019-ൽ എടുത്ത ചിത്രം വരെ നാല് ഘട്ടങ്ങളിലുള്ള ഫോട്ടോകളും മഞ്ജു പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. താരത്തിളക്കത്തിലും മങ്ങാത്ത ഈ സൗഹൃദത്തിന്റെ കഥ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.











