തീരുമാനം മാറ്റാനോ രാജി ആവശ്യപ്പെടാനോ സാധ്യതയില്ല, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കോൺഗ്രസ് നിരീക്ഷിക്കുന്നു

ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തൽക്കാലം കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനോട് ആവശ്യപ്പെടില്ല. കേസിന്റെ ഗതിവിഗതികൾ പാർട്ടി നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ കേസിൽ പാർട്ടിക്കു നേരിട്ട് ബാധ്യതയില്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസന്വേഷണവും, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.എം. കെണിയാണെന്ന് പറഞ്ഞ് പ്രതിരോധം തീർക്കാനും നേതാക്കൾ ആലോചിക്കുന്നുണ്ട്.

നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനി എടുക്കാവുന്ന നടപടി പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്നതാണ്. കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ടെങ്കിലും, പുറത്താക്കലിലേക്ക് തൽക്കാലം പോകേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കൂടിയാലോചനയിൽ ഉണ്ടായ ധാരണ.

പരാതി നൽകിയ രീതിയും തുടർ സംഭവവികാസങ്ങളും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. തുടർനടപടി വേണമോ എന്ന തീരുമാനം ഹൈക്കമാൻഡ് കെ.പി.സി.സിക്ക് വിട്ടിരിക്കുകയാണ്. പരാതി വന്ന ഉടൻ നടപടിയെടുക്കേണ്ടെന്നും, കേസിന്റെയും അന്വേഷണത്തിന്റെയും പുരോഗതി നോക്കി തീരുമാനിക്കാമെന്നുമാണ് നിലവിലെ ധാരണ. കേസിനെ നിയമപരമായി പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രമെന്നാണ് നേതാക്കളുടെ പക്ഷം.

ആരോപണം വന്നയുടൻ സസ്പെൻഡ് ചെയ്തില്ലായിരുന്നുവെങ്കിൽ പാർട്ടിയുടെ നില കൂടുതൽ മോശമാകുമായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് സതീശൻ അനുകൂലികളുടെ ചോദ്യം. നടപടിയുടെ പേരിൽ സതീശനെ ഒറ്റപ്പെടുത്തിയെങ്കിലും, കേസ് വന്നപ്പോൾ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ സാധിച്ചത് ഈ നടപടി കാരണമാണെന്നും അവർ വാദിക്കുന്നു. അതേസമയം, പരാതിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

നടപടി വകവെക്കാതെ രാഹുൽ പ്രചാരണത്തിന് ഇറങ്ങിയതും, അതിനെ പിന്തുണച്ച് നേതാക്കൾ പ്രതികരിച്ചതും പ്രശ്നം വഷളാക്കിയെന്ന വിമർശനവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ബാധ്യതയില്ലെന്ന് പറഞ്ഞ് ഒഴിയുമ്പോഴും കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച എം.എൽ.എക്കെതിരായ കേസ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ സി.പി.എം ഗൂഢാലോചന ആരോപിച്ചുള്ള പ്രത്യാക്രമണമാണ് വഴിയെന്ന് കൂടിയാലോചനയിൽ അഭിപ്രായമുയർന്നു.

സ്വർണ്ണക്കടത്ത് വിവാദത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും, ബലാത്സംഗക്കേസിലെ പൊലീസിന്റെ തുടർനീക്കങ്ങളും, രാഹുൽ സ്വീകരിക്കുന്ന നിയമ നടപടികളുടെ ഗതിയും നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.