ബോക്സ് ഓഫീസ് ഹിറ്റ് ‘ഡീയസ് ഈറെ’ ഒടിടിയിലേക്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രം ‘ഡീയസ് ഈറെ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആഗോളതലത്തിൽ 80.75 കോടി രൂപ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ വിജയം കൊയ്ത ചിത്രം ഉടൻ തന്നെ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ഡിസംബർ 5 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമാകും.രാഹുൽ സദാശിവൻ തിരക്കഥയെഴുതിയ ഈ ചിത്രം ഒക്ടോബർ 31-നാണ് ആഗോള റിലീസായി പ്രദർശനത്തിനെത്തിയത്. ഒക്ടോബർ 30-ന് പെയ്ഡ് പ്രീമിയറുകളും നടന്നിരുന്നു. ‘ക്രോധത്തിൻ്റെ ദിനം’ (The Day of Wrath) എന്ന ടാഗ് ലൈനോടെയാണ് ‘ഡീയസ് ഈറെ’ പ്രേക്ഷകരിലേക്കെത്തിയത്.

വമ്പൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന് ശേഷം, രാഹുൽ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.

ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഈ ഹൊറർ ത്രില്ലർ ചിത്രം മികച്ച ദൃശ്യാനുഭവവും ഗംഭീര സംഗീതവും കൊണ്ട് സമ്പന്നമാണ്. ടീസറുകളും ട്രെയിലറുകളും ചിത്രത്തിന്റെ ഉയർന്ന സാങ്കേതിക നിലവാരം നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിസ്റ്റോ സേവ്യർ ഈണം നൽകിയ ചിത്രത്തിലെ ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിൽ ഗാനവും റിലീസിന് മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്.

ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ്, തിങ്ക് സ്റ്റുഡിയോസ്, വികെ ഫിലിംസ്, പ്രൈം മീഡിയ യുഎസ് തുടങ്ങിയ പ്രമുഖ വിതരണക്കാരാണ് ചിത്രം രാജ്യത്തിനകത്തും പുറത്തും എത്തിച്ചത്.