
സംസ്ഥാന ടൂറിസം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം നൽകാനുള്ള കേന്ദ്ര സഹായം ലഭിക്കാൻ വൈകിയത് വിവാദമായിരുന്നു. പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്കുകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിന് കൃത്യസമയത്ത് കൈമാറാതിരുന്നതാണ് കാലതാമസത്തിന് കാരണമെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. തന്റെ വ്യക്തിപരമായ ഇടപെടലിലൂടെയാണ് ഈ പണം കേന്ദ്രത്തിൽ നിന്ന് വാങ്ങി നൽകാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തുടക്കം മാത്രമാണെന്നും ഇത് ഇവിടെ അവസാനിക്കുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 300-ഓളം സഹകരണ ബാങ്കുകളിൽ സമാനമായ അഴിമതികൾ നടക്കുന്നുണ്ടെന്നും, ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയം ഇതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കൂടാതെ, തകർന്നുവീണ സ്കൂളുകളുടെ വിഷയവും അദ്ദേഹം ഉയർത്തിക്കാട്ടി. കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പി.എം.ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നത്. അങ്ങനെ പഠിപ്പിക്കുന്നതിൽ ആർക്കാണ് ഭയമെന്നും അദ്ദേഹം ചോദ്യമുയർത്തി. കലുങ്ക് സദസ്സിൽ തന്നോട് ചോദ്യം ഉന്നയിച്ച ആനന്ദവല്ലി ചേച്ചിയോട് മുഖ്യമന്ത്രിയോട് തന്നെ കാര്യങ്ങൾ ചോദിക്കാൻ താൻ നിർദ്ദേശിച്ചതായും സുരേഷ് ഗോപി വെളിപ്പെടുത്തി.











