WPL ലേലം 2025: ‘യു.പി. വാരിയേഴ്സി’ൻ്റെ വിജയക്കുതിപ്പിന് പിന്നിലെ കരുത്ത്; ആരാണ് 28-കാരി ജിനിഷ ശർമ്മ?

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് (WPL) 2025 ലെ താരലേലത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ടീമുകളിലൊന്നാണ് യു.പി. വാരിയേഴ്സ് (UP Warriorz). വമ്പൻ താരങ്ങളെ കോടിക്കണക്കിന് രൂപയ്ക്ക് സ്വന്തമാക്കിയപ്പോൾ, ഹെഡ് കോച്ച് അഭിഷേക് നായർക്കൊപ്പം ആത്മവിശ്വാസത്തോടെ ലേലത്തിൽ പങ്കെടുത്ത ഒരു യുവതി ശ്രദ്ധാകേന്ദ്രമായി മാറി: യു.പി. വാരിയേഴ്സ് ടീം ഉടമകളായ കാപ്രി ഗ്ലോബലിൻ്റെ സ്‌പോർട്‌സ് വിഭാഗം ഡയറക്ടറായ ജിനിഷ ശർമ്മ.

മലയാളി താരം ആശ ശോഭനയെ 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ചതിലും ജിനിഷയുടെ സാന്നിധ്യം ശ്രദ്ധേയമായി. കൂടാതെ, ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മയെ 3.2 കോടി രൂപയെന്ന ഉയർന്ന തുകയ്ക്ക് തിരികെ ടീമിലെത്തിച്ചതും ജിനിഷയുടെ നേതൃത്വത്തിലായിരുന്നു. വനിതാ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിഫലമാണിത്.

ജിനിഷ ശർമ്മയെക്കുറിച്ച്:

കാപ്രി ഗ്ലോബൽ കമ്പനിയുടെ ഉടമസ്ഥനായ രാജേഷ് ശർമ്മയുടെ മകളാണ് 28 വയസ്സുകാരിയായ ജിനിഷ. ഇംഗ്ലണ്ടിലെ എക്സെറ്റർ സർവകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും മാസ്റ്റർ ബിരുദവും നേടിയ ശേഷമാണ് അവർ കമ്പനിയുടെ ഭാഗമായത്. ഫിനാൻഷ്യൽ സർവീസസ് വിഭാഗത്തിൽ നിന്ന് പിന്നീട് സ്പോർട്സ് വിഭാഗത്തിൻ്റെ ഡയറക്ടർ ചുമതല ഏറ്റെടുക്കുകയായിരുന്നു. 2023-ലാണ് 757 കോടി രൂപ മുടക്കി കാപ്രി ഗ്ലോബൽ യു.പി. വാരിയേഴ്സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

താരലേലത്തിൽ കൃത്യമായ തന്ത്രങ്ങളോടെ ടീമിനെ നയിച്ച ജിനിഷ, പുതിയ സീസണിൽ യു.പി. വാരിയേഴ്സിനെ കിരീടത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.