ആറുമാസം ആരുമറിയരുത്! ‘സ്പിരിറ്റി’ലെ ലുക്ക് രഹസ്യമാക്കാൻ പ്രഭാസിന് സന്ദീപ് റെഡ്ഡി വംഗയുടെ നിർദ്ദേശം

അനിമൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനായെത്തുന്ന ഈ സിനിമയ്ക്കായി ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രീകരണം തുടങ്ങാനിരിക്കെ, പ്രഭാസിന്റെ ലുക്ക് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.’സ്പിരിറ്റി’ലെ പ്രഭാസിന്റെ ലുക്ക് പുറത്തുപോകാതിരിക്കാൻ ആറുമാസത്തേക്ക് പൊതുസ്ഥലങ്ങളിൽ ആളുകൾക്കിടയിൽ പെടരുതെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ പ്രഭാസിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഈ കാലയളവിൽ ആളുകൾ ഫോട്ടോകൾ എടുക്കാനും അതുവഴി ലുക്ക് ചോരാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.600 കോടി രൂപ ബഡ്ജറ്റിലാണ് ‘സ്പിരിറ്റ്’ ഒരുങ്ങുന്നത്. കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ, കൊറിയൻ സൂപ്പർ താരം ഡോൺ ലീയും സിനിമയുടെ ഭാഗമാകുമെന്നും നേരത്തേ സൂചനകളുണ്ടായിരുന്നു. ടി സീരീസും സന്ദീപ് റെഡ്ഡിയുടെ ഭദ്രകാളി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രതീക്ഷയേകി ‘രാജാസാബ്’
അതേസമയം, പ്രഭാസിന്റെ അടുത്ത റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘രാജാസാബ്’. ഐതിഹ്യങ്ങളും മിത്തുകളും ത്രില്ലിങ് മുഹൂർത്തങ്ങളും സമന്വയിപ്പിച്ചുകൊണ്ട് റിബൽ സ്റ്റാർ പ്രഭാസിന്റെ പാൻ-ഇന്ത്യൻ ഹൊറർ ഫാന്റസി ത്രില്ലറായ ‘രാജാസാബ്’ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്.പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകർച്ചയും ആകാംഷ വർദ്ധിപ്പിക്കുന്നു. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. അടുത്തിടെ പുറത്തിറങ്ങിയ ‘രാജാസാബിന്റെ’ ടീസറും ട്രെയിലറും വലിയ സ്വീകാര്യത നേടുകയും ആരാധകരിൽ ആവേശം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ബോക്സ് ഓഫീസ് വിപ്ലവം തീർത്ത ‘കൽക്കി 2898 എ.ഡി.’ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത ഒരു സൂപ്പർ നാച്ചുറൽ ദൃശ്യ വിരുന്ന് തന്നെയാകും ‘രാജാസാബ്’ എന്നാണ് ലഭിക്കുന്ന സൂചനകൾ. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.