
കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന വടകര DYSP എ. ഉമേഷിനെതിരെ ബലാത്സംഗ കേസും അച്ചടക്ക നടപടിയും ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഉമേഷിനെതിരായ വിശദമായ അന്വേഷണ റിപ്പോർട്ട് ഡിജിപി നാളെ സർക്കാരിന് കൈമാറും. സർക്കാരിന്റെ നടപടിക്ക് ശേഷമായിരിക്കും പോലീസ് കേസ് രജിസ്റ്റർ ചെയ്യുക.
അതേസമയം, സംഭവത്തിൽ ആരോപണ വിധേയനായ DYSP ഉമേഷ് ഇന്നലെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് അവധിയിൽ പ്രവേശിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ, നാദാപുരം കൺട്രോൾ റൂം DYSP-ക്കാണ് വടകര DYSP-യുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ DYSP ഉമേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. വടക്കഞ്ചേരി സി.ഐ. ആയിരിക്കുമ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച ശേഷം ഉമേഷ് കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പോലീസ് എന്ന ഔദ്യോഗിക പദവി ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, DYSP-ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്.പി. സംസ്ഥാന പോലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.
അനാശാസ്യക്കേസിൽ അറസ്റ്റിലായ യുവതിയെ DYSP ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്ന ആരോപണം ആദ്യം പുറത്തുവരുന്നത്, ചെർപ്പുളശ്ശേരി സി.ഐ. ആയിരുന്ന ബിനുവിന്റെ ആത്മഹത്യാക്കുറിപ്പിലൂടെയാണ്. യുവതിയെ പീഡിപ്പിച്ച വിഷയം പറഞ്ഞ് DYSP തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സി.ഐ.യുടെ കുറിപ്പിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് DYSP ഉമേഷിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ യുവതിയുടെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് DYSP കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. DYSP പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി മൊഴി നൽകിയത്. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് DYSP കൈക്കൂലി വാങ്ങിയെന്നും യുവതി ആരോപിച്ചിട്ടുണ്ട്. ഈ മൊഴികൾ ഉൾപ്പെടെ പരിഗണിച്ചാണ് പാലക്കാട് എസ്.പി. തുടർ നടപടിക്കായി റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്.











