യൂട്യൂബർ സൂരജ് പാലക്കാരനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വീഡിയോയിലൂടെ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബർ സൂരജ് പാലക്കാരനെതിരെ തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. എന്നാൽ, ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇരയെ മനഃപൂർവം നാണം കെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് കാണിച്ച് സൂരജ് പാലക്കാരൻ കോടതിയിൽ മാപ്പ് അപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി. മാപ്പ് അപേക്ഷ പോലീസ്‌ സ്റ്റേഷനിലും വിചാരണക്കോടതിയിലും നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഈ മാപ്പ് അപേക്ഷ നിലനിൽക്കെ, ഭാവിയിൽ സമാനമായ കാര്യങ്ങൾ ആവർത്തിക്കുകയാണെങ്കിൽ, നിലവിലെ കേസിൽ നടപടികൾ തുടരുമെന്ന വ്യക്തമായ മുന്നറിയിപ്പോടെയാണ് കോടതി കേസ് റദ്ദാക്കിയത്.