
നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 2 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. തിയറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നതിനിടെയാണ് അണിയറപ്രവർത്തകർ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 300 കോടി ക്ലബിൽ ഇടംനേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഭാവനാ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡിയും ഭാവനാ സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്’. ഗിരീഷ് എ.ഡി, മമിത ബൈജു, ഭാവനാ സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ വിജയത്തുടർച്ചയായും ചിത്രം ശ്രദ്ധ നേടി. ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന ജസ്റ്റിനും മമിത ബൈജു അവതരിപ്പിക്കുന്ന ആഷ്‌ലിയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളും വലിയ ശ്രദ്ധ നേടി. ‘അന്ന’ എന്ന ചിത്രത്തിനായി ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും ഒരുക്കിയ ‘യവനകഥയിൽനിന്നുവന്ന’ എന്ന ഗാനവും ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.
നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയ വിജയമായി മാറിയ ചിത്രം കേരളത്തിന് പുറത്തും മികച്ച പ്രകടനമാണ് നടത്തുന്നത്. തമിഴ്നാട്, തെലുങ്ക് സംസ്ഥാനങ്ങൾക്കൊപ്പം വിദേശ മാർക്കറ്റുകളിലും ചിത്രം മികച്ച കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ അവതരണത്തിന് മികവ് പകർന്നു. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. തിയറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 2 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വീട്ടിലിരുന്ന് കാണാം.












