ഇന്ത്യൻ ക്രിക്കറ്റിൽ അസ്വാരസ്യം: രോഹിത്-കോഹ്ലി-ഗംഭീർ പ്രശ്നം പരിഹരിക്കാൻ ബി.സി.സി.ഐ അടിയന്തര യോഗം വിളിക്കുന്നു

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ ഹെഡ് കോച്ച് ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിലെ അകൽച്ച പരിഹരിക്കാൻ ബി.സി.സി.ഐ അടിയന്തര യോഗം വിളിക്കുന്നു. ഏകദിന ടീമിന്റെ അന്തരീക്ഷം തൃപ്തികരമല്ലാത്തതിനാലാണ് ഉന്നത നേതൃത്വം ഈ വിഷയത്തിൽ ഉടൻ ഇടപെടാൻ തീരുമാനിച്ചത്.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, ഗൗതം ഗംഭീർ, ബി.സി.സി.ഐ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. നിലവിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരക്കിടെ റായ്പൂരിലോ വിശാഖപട്ടണത്തോ വെച്ച് യോഗം നടന്നേക്കുമെന്നാണ് സൂചന. 2027 ഏകദിന ലോകകപ്പ് വരെയുള്ള രോഹിത്തിന്റെയും കോഹ്ലിയുടെയും ടീമിലെ ഭാവി, അവരുടെ ഉത്തരവാദിത്തങ്ങൾ, യുവതാരങ്ങളുമായുള്ള ആശയവിനിമയത്തിലെ വിടവുകൾ എന്നിവ യോഗത്തിന്റെ പ്രധാന അജണ്ടകളാണ്.

റിപ്പോർട്ടുകൾ പ്രകാരം, കോഹ്ലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം ഗംഭീറുമായുള്ള ഇവരുടെ ബന്ധം വഷളായി. കൂടാതെ, ചീഫ് സെലക്ടർ അജിത് അഗാർക്കറും രോഹിത് ശർമയും തമ്മിലും ആശയവിനിമയം കുറവാണെന്ന് പറയപ്പെടുന്നു. ഈ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച്, ടീമിനുള്ളിൽ ഐക്യം ഉറപ്പുവരുത്താനാണ് ബി.സി.സി.ഐയുടെ ശ്രമം.

ഗംഭീറിനെതിരെ സോഷ്യൽ മീഡിയയിൽ രോഹിത്-കോഹ്ലി ആരാധകർ നടത്തുന്ന അതിരുകടന്ന വിമർശനങ്ങളിലും ബോർഡ് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ടിന് പുറത്ത് പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, ഏകദിന ഫോർമാറ്റിൽ രോഹിത്തും കോഹ്ലിയും അടുത്തിടെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ടീമിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് ബി.സി.സി.ഐ.