
കൊച്ചി: സിനിമാ താരം ബൈജു ഏഴുപുന്നയുടെ സഹോദരനായ ഷെൽജു ജോണപ്പന്റെ ചരമവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ടിനി ടോം. ഷെൽജുവിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടാണ് താരം താൻ എത്രമാത്രം ദുഃഖിതനാണെന്ന് തുറന്നുപറഞ്ഞത്.
സുഹൃത്തിന്റെ ഓർമ്മചിത്രം പോസ്റ്റ് ചെയ്യുമ്പോഴും തൻ്റെ കൈ വിറയ്ക്കുന്നുണ്ടെന്ന് ടിനി കുറിച്ചു. ഷെൽജുവിനെ സഹോദരനായോ സുഹൃത്തായോ അല്ല കണക്കാക്കിയിരുന്നത് എന്നും, പോയിക്കഴിഞ്ഞപ്പോഴാണ് ഷെൽജു തനിക്ക് എല്ലാമായിരുന്നു എന്ന സത്യം താൻ തിരിച്ചറിഞ്ഞതെന്നും ടിനി ടോം പങ്കുവെച്ചു.
ഷെൽജു മരിച്ചു കിടക്കുന്ന കാഴ്ച താങ്ങാനാവാത്തതിനാൽ അദ്ദേഹത്തിൻ്റെ വീട്ടിൽ പോകാൻ പോലും തനിക്ക് ഭയമായിരുന്നു. ഒരു വർഷം കടന്നുപോയത് അറിഞ്ഞില്ല. മറ്റൊരു തീരത്ത് വെച്ച് കണ്ടുമുട്ടാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ സുഹൃത്തിനുള്ള വൈകാരികമായ കുറിപ്പ് ടിനി ടോം അവസാനിപ്പിക്കുന്നത്.
എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പൻ്റെ ഇളയ മകനായ ഷെൽജു ജോണപ്പൻ 49-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് 2024 നവംബർ 27-ന് അന്തരിച്ചത്.











