തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് “ലോക

മലയാള സിനിമയിൽ പുതിയ ചരിത്രം രചിച്ച്, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ തീയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിൻ്റെ ഈ കാലഘട്ടത്തിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും അപൂർവമായ നേട്ടമാണിത്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം, കേരളത്തിലെ പിവിആർ മൾട്ടിപ്ലക്സ് സ്ക്രീനുകളിലാണ് 100 ദിവസം പൂർത്തിയാക്കിയത്.

കൊച്ചി പിവിആർ ഫോറം മാൾ, പിവിആർ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്സി എന്നിവിടങ്ങളിലാണ് ‘ലോക’ 100 ദിവസത്തിലധികം പ്രദർശിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തിനുശേഷം ഒന്നിലധികം സ്ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും ‘ലോക’ സ്വന്തമാക്കി.

തിയേറ്ററുകളിൽ റെക്കോർഡ് വിജയം നേടിയ ചിത്രം, മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമെന്ന ബഹുമതിയും കരസ്ഥമാക്കി. കേരളത്തിൽ നിന്ന് മാത്രം ചിത്രം 121 കോടിക്ക് മുകളിൽ കളക്ഷൻ നേടി.

കേരളത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. അഞ്ച് ഭാഗങ്ങളുള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായാണ് ‘ലോക’ എത്തിയത്. ചിത്രം രചിച്ച് സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവർ അതിഥി താരങ്ങളായും തിളങ്ങി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം സൂപ്പർ വിജയം നേടി പാൻ ഇന്ത്യൻ ഹിറ്റായി മാറി. ഒക്ടോബർ 31-ന് ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഒടിടിയിലും ഗംഭീര സ്വീകരണമാണ് നേടിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ കൂടാതെ മറാത്തി, ബംഗാളി ഉൾപ്പെടെയുള്ള ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘ലോക ചാപ്റ്റർ 2’ വിൽ ടൊവിനോ തോമസ് ആണ് നായകൻ.

സാങ്കേതിക വിദഗ്ധർ: ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ.