മമ്മൂട്ടി സാർ… എന്തൊരു മനുഷ്യൻ! കളങ്കാവൽ ഒരു പീച്ച് ഫലമാണ്’: രാഹുൽ രവീന്ദ്രൻ

തിയേറ്ററുകളിൽ തരംഗമായി മാറിയ മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ലെ മെഗാ സ്റ്റാറിൻ്റെ പ്രകടനത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ. രശ്മിക മന്ദാന നായികയായ തെലുങ്ക് ചിത്രം ‘ദി ഗേൾഫ്രണ്ട്’ ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള രാഹുൽ രവീന്ദ്രൻ, ചിത്രം കണ്ടശേഷം സോഷ്യൽ മീഡിയയിലൂടെയാണ് തൻ്റെ അഭിപ്രായം പങ്കുവെച്ചത്.

“മമ്മൂട്ടി സാർ… എങ്ങനെ സാർ… വാട്ട് സാർ… വൈ സാർ… എന്തൊരു മനുഷ്യൻ… എന്തൊരു താരം… എന്തൊരു നിർമ്മാതാവ്! ‘കളങ്കാവൽ’ ഒരു പീച്ച് ഫലമാണ്. എത്തരത്തിൽ പിടിച്ചിരുത്തുന്ന കാഴ്ചയായിരുന്നു അത്,” രാഹുൽ രവീന്ദ്രൻ കുറിച്ചു.

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമ്മാണ സംരംഭമായ ‘കളങ്കാവൽ’ ഒരു ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. നവാഗതനായ ജിതിൻ കെ ജോസ് ആണ് സംവിധാനം. എട്ട് മാസങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണിത് എന്നതിലുപരി, ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതും വലിയ പ്രത്യേകതയാണ്. വിനായകനാണ് ചിത്രത്തിലെ നായകൻ.

വലിയ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങൾ നേടാൻ കഴിഞ്ഞു. ടിക്കറ്റിനായുള്ള ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് ചിത്രത്തിൻ്റെ ഷോ കൗണ്ടും സ്ക്രീൻ കൗണ്ടും കേരളത്തിൽ വർദ്ധിപ്പിച്ചിരുന്നു. മികച്ച വാരാന്ത്യ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് ട്രാക്കർമാരുടെ പ്രവചനം.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തിയ ഈ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണുള്ളത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ് ആണ്.

ഗായിക ചിന്മയി ശ്രീപദയുടെ ഭർത്താവ് കൂടിയായ രാഹുൽ രവീന്ദ്രൻ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയി സിനിമയിലെത്തിയ അദ്ദേഹം 2010-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മോസ്കോവിൻ കാവേരി’യിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.

പ്രധാന അണിയറ പ്രവർത്തകർ: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: പ്രവീൺ പ്രഭാകർ.