
കൊച്ചി: മലയാള സിനിമയെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയിൽ പ്രതികരണവുമായി സംവിധായകനും താരത്തിന്റെ അടുത്ത സുഹൃത്തുമായ നാദിർഷാ. നീണ്ട എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ദിലീപിന് അനുകൂലമായി വിധി വന്നതിൽ അളവറ്റ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് നാദിർഷാ രംഗത്തെത്തിയത്.
“നന്ദി ദൈവമേ, സത്യമേവ ജയതേ” (സത്യം മാത്രം ജയിക്കുന്നു) എന്നായിരുന്നു നാദിർഷയുടെ ഹ്രസ്വവും എന്നാൽ ശക്തവുമായ പ്രതികരണം. ദിലീപിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച ഈ വാക്കുകൾ നിമിഷങ്ങൾക്കകം വൈറലായി.
കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനും ദിലീപിനൊപ്പം നാദിർഷായെയും വിളിപ്പിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലുകൾ അന്ന് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിന്റെ നാൾവഴികളിൽ നാദിർഷായും ഒരു പ്രധാന കണ്ണിയായിരുന്നു.
കൂറ്റവിമുക്തനായ ശേഷം ദിലീപ് പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങളിലൊന്ന് നാദിർഷാ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ ആയിരുന്നു. കോടതിയുടെ വിധി ദിലീപിന്റെ കരിയറിലും ജീവിതത്തിലും പുതിയ തുടക്കം നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും ആരാധകരും.
കേസിൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനിയടക്കമുള്ളവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.











