സന്ദീപ് പ്രദീപ് നായകനാകുന്ന ‘കോസ്മിക് സാംസൺ’ ആരംഭിച്ചു;

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം “കോസ്മിക് സാംസൺ” പൂജയോടെ ആരംഭിച്ചു. കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.

പ്രശസ്ത സംവിധായകൻ ജിസ് ജോയ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ, സംവിധായകൻ അൻവർ റഷീദ് ആദ്യ ക്ലാപ്പ് നൽകി. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. അഭികേർഷ് വസന്ത് സഹരചയിതാവാണ്.

ഡിസംബർ 14-ന് ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ആരംഭിക്കും. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’, ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’, ‘ബാംഗ്ലൂർ ഡെയ്‌സ്’ തുടങ്ങിയ ഒട്ടനവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ക്ബസ്റ്റേഴ്സ്. ഇവരുടെ പത്താമത്തെ നിർമ്മാണ സംരംഭം കൂടിയാണ് “കോസ്മിക് സാംസൺ”.

‘മിന്നൽ മുരളിക്ക്’ ശേഷം, ഹോളിവുഡ് ആക്ഷൻ ഡയറക്ടറായ വ്ലാഡ് റിംബർഗ് ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 2026 പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

‘പടക്കളം’, ‘എക്കോ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- ഷാജി പുൽപള്ളി.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ. സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ. പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.